മുക്കുറ്റിപ്പൂക്കൾ

Posted on

ആർക്കുവേണ്ടി ഞാനെന്തിനുവേണ്ടിയീ –
വേലിക്കരികിൽ വിടർന്നു നിൽപ്പൂ ?
ഞാനൊരു മുക്കുറ്റി ചെടിയല്ലേ മഞ്ഞ-
നിറങ്ങൾ വിതറും സ്വപ്നമല്ലേ?

എന്നിലുമുണ്ടൊരു പൂവിൻ ഹൃദയം,
എന്നിലുമുണ്ടൊരു പൂവസന്തം;
എന്നിട്ടുമെന്തേ ഞാൻ മറവിതൻ തോട്ടത്തിൽ,
മാറാമ്പൽ കൂടായി മാറിനിൽപ്പൂ?

മുക്കുറ്റിപ്പൂക്കൾ

മുക്കുറ്റിപ്പൂക്കൾ

 

 

 

 

 

 

കാറ്റെന്നോ പാകിയ വിത്തു മുളച്ചു
ഞാനീ ഭൂവിൽ ഭൂജാതയായതല്ലേ ?
കാറ്റിന്റെ താരാട്ടും കാവിലെ സന്ധ്യയും
തഴുകി തലോടി വളർന്നതല്ലേ ?

എത്രയോ പൂക്കളെൻ മാറിൽ വിടരുന്നു
മാനം നോക്കി വിതുമ്പിടുന്നു
മഞ്ഞ നിറമുള്ള സ്വപ്‌നങ്ങൾ മാറിലെ
നൊമ്പരപൂക്കളായി കാറ്റിലാടി…

ഒരു കുഞ്ഞിൻ സ്പർശനം കാത്തു –
ഞാനെത്രയോ കാലങ്ങളായി വിതുമ്പി നില്പ്പൂ.
എത്രയോ പുഷ്പങ്ങൾ കാഴ്ച്ചവച്ചു..


ഞാനറിയാതെയെൻ മാനസം പൊട്ടിച്ചിതറി –
വിരിഞ്ഞയീ, സ്വപ്ന ദലങ്ങളിൽ,
വീണു ചിതറിയോരശ്രു ബിന്ദുക്കളെൻ
കണ്ണാ നീ കാണാതെ പോയതെന്തേ ?

കണ്ടിട്ടും കണ്ടെന്നറിയാതെ, എന്നെയറിയാതെ,
എന്നിലെ എന്നെ ഞാൻ തൊട്ടറിയാതെ,
തേടി തിരഞ്ഞു ഞാൻ,
നിശ്ശബ്ദം നിന്നു ഞാൻ …

ചാരത്തെ ചെത്തിയും, മന്താരവും
മുല്ലയും, പിച്ചിയും, ചെമ്പകവും
കുഞ്ഞിളം കൈകളാൽ നിൻ സമക്ഷം
എന്റെ സ്വപ്നങ്ങളായ് വന്നണഞ്ഞു.

നിന്റെ ശ്രീ കോവിലിൻ ദീപനാളങ്ങളിൽ
എന്റെ സ്വപ്‌നങ്ങൾ തിളങ്ങി നിന്നു
എങ്കിലും എപ്പോഴും തീരാത്ത മോഹമായി
മാറിടം മഞ്ഞ നിറങ്ങൾ തീർത്തു.

എന്തിനീ ജീവതം കൃഷ്ണാ ?
എന്തിനീ പുഷ്പങ്ങൾ കൃഷ്ണാ ?!
പൊട്ടിക്കരഞ്ഞയെൻ കണ്ണീർ തുടയ്ക്കാനായി,
പെട്ടെന്ന് പേമാരി പെയ്തിറങ്ങി.

തലതല്ലിയാടിയുലഞ്ഞു കരഞ്ഞയെൻ
കവിളിലേതോ തൂവൽ സ്പർശം!
ആരിത് തുമ്പയോ ? മഴവെള്ളപ്പാച്ചിലിൽ
കടപുഴകിയൊഴുകി വരുന്നോ?
ഒരു വേള തിണ്ടിലെവിടെയോ തങ്ങിയ
തുമ്പയുടെ തേങ്ങൽ കേട്ടു.

“മുക്കുറ്റിയേ നീ മറക്കല്ലേ ജീവിതം
എത്രയോ സത്യമാം സത്യമെന്ന്.
നിന്റെ പൂക്കൾക്കായും വന്നണയും
കുട്ടിയും കാലവും ഓണമായി … “

കവിതാ രചന : മുരളി ടി. വി.

Author of Poem